12/05/2021
ആഫ്രിക്കൻ ലൗബേർഡ്സ് എന്നാല് സാക്ഷാൽ ലൗബേർഡുകൾ. പച്ചയും മഞ്ഞയും നീലയും ചുവപ്പുമൊക്കെയായി തീക്ഷ്ണവർണങ്ങൾ നിറഞ്ഞ മേനി. പരിസരവുമായി ഇണങ്ങി പ്രജനനം നടത്തുന്ന പ്രകൃതം. പീച്ച് ഫേസ്ഡും ഫിഷറും മാസ്ക്ഡും തുടങ്ങി വിവിധ ഇനങ്ങളില് വർണവിന്യാസങ്ങളുടെ കുടമാറ്റങ്ങളാൽ നമ്മുടെ ഹൃദയങ്ങളിൽ ചേക്കേറുന്നവർ. നന്നായി പ്രജനനം നടത്തുന്ന ഇവയുടെ വളര്ത്തല് നല്ല വരുമാനവഴിയുമാണ്.
ഇനങ്ങൾ
ലൗബേർഡ്സിനെ പീച്ച് ഫേസ്ഡ്, മാസ്ക്ഡ്, ഫിഷർ എന്നിങ്ങനെ മൂന്നായി തിരിക്കാം. റോസാദളംപോലെ ചുവന്ന കവിളുകളാണ് പീച്ച് ഫേസ്ഡിന്റെ സവിശേഷത.; ചുണ്ടുകൾക്ക് നേർത്ത മഞ്ഞനിറവും. മാസ്ക്ഡ് ലൗബേർഡാകട്ടെ, ചുണ്ടു ചുവന്നതും ക്രീം നിറമുള്ളതുമായി രണ്ടു വിഭാഗങ്ങളുണ്ട്. മുഖത്തെ കറുപ്പ് കലർന്ന ആവരണമാണ് പ്രധാന തിരിച്ചറിയൽ അടയാളം. കണ്ണിനു ചുറ്റുമുള്ള വെള്ളവളയങ്ങൾ നിർബന്ധം. ചുണ്ടു ചുവന്നവയിൽ ബ്ലാക്ക് മാസ്ക്ഡ്, ബ്ലൂ മാസ്ക്ഡ്, യെല്ലോ മാസ്ക്ഡ് എന്നിങ്ങനെയും ക്രീം ചുണ്ടുള്ളവയിൽ ബ്ലൂ മാസ്ക്ഡ്, മോവ്, വൈറ്റ് മാസ്ക്ഡ് എന്നിങ്ങനെയും ഉപവിഭാഗങ്ങളുണ്ട്. മാസ്ക്ഡ് തത്തകളിൽ മുഖത്ത് കറുത്തതോ കറുപ്പ് കലർന്നതോ ആയ ആവരണം ഉണ്ടാകുമെന്നതാണ് പ്രധാന സവിശേഷത. ചുണ്ട് ചുവന്നതോ ക്രീം കളറിലോ ആകാം
ഫിഷർ ലൗബേർഡുകളാകട്ടെ, ടാൻസാനിയക്കാരാണ്. തലയും ചുണ്ടുമെല്ലാം ചുവന്ന ഇവയുടെ കണ്ണിനു ചുറ്റും വെള്ള വളയമുണ്ടാകും. നെഞ്ചിൽ ഓറഞ്ച് കലർന്ന ചുവപ്പ് നിറമാണ് സാധാരണ മാതൃക. യെല്ലോ ഫിഷറും ലൂട്ടിനോ ഫിഷറും ഇവയുടെ ജനിതകവ്യതിയാനങ്ങളാണ്. ലൂട്ടിനോ ഫിഷറിന് ചുവന്ന ചുണ്ടുകളും ചുവന്ന കണ്ണുകളുമാണുള്ളതെങ്കിൽ യെല്ലോ ഫിഷറിനു മഞ്ഞ ചുണ്ടുകളും കറുത്ത കണ്ണുകളുമാണുള്ളത്.
ആഫ്രിക്കൻ തത്തകൾക്ക് പയർ, കടല, ഗ്രീൻപീസ്, വെള്ളക്കടല തുടങ്ങിയവ മുളപ്പിച്ചു നൽകാം. നെല്ല്, തിന, സൂര്യകാന്തിക്കുരു എന്നിവ നന്നായി കഴുകിയുണക്കി കൊടുക്കണം. കണവനാക്കും ആര്യവേപ്പിലയും ചീരയിലയും ദിനംതോറും നൽകിയാൽ രോഗങ്ങൾ കുറയും. കുഞ്ഞുങ്ങൾ ഒന്നര മാസംകൊണ്ട് സ്വതന്ത്ര ജീവിതം തുടങ്ങിയാൽ കൈത്തീറ്റ രീതിയില് ജുവനൈൽ തീറ്റ നൽകാം. ഒരു വർഷമെത്തുമ്പോള് ആഫ്രിക്കൻ തത്തകൾ പ്രജനനസജ്ജരാകും.