02/10/2021
Safari tv
ഓമന മൃഗങ്ങളുടെ അന്ത്യവിശ്രമസ്ഥാനം
(അമേരിക്കൻ സഞ്ചാരം - പാർട്ട്- 99)
സന്തോഷ് ജോർജ് കുളങ്ങര
'ഇനിയെവിടേക്കാണ്?'
കാര്‍ സ്റ്റാര്‍ട്ടുചെയ്യുമ്പോള്‍ കുര്യാച്ചന്‍ ചോദിച്ചു.
'പെറ്റ് സെമിത്തേരിയിലേക്ക്'.
ഞാന്‍ നിര്‍ദ്ദേശിച്ചു.
മഴ തകര്‍ത്തുപെയ്യുകയാണ്. അതിനാല്‍ വഴിയിലെ ബോര്‍ഡുകളൊന്നും വ്യക്തമാവുന്നില്ല. പെറ്റ് സെമിത്തേരി എവിടെയാണെന്ന് കുര്യാച്ചന് നിശ്ചയം പോരാ. എവിടെയൊക്കെയോ വഴിതെറ്റി. ലോംഗ് ഐലന്റിന്റെ നഗരവഴികളിലൂടെ കുറേ കറങ്ങി. അതിനിടെ ഒരു ബോര്‍ഡ് കണ്ടു. ലോംഗ് ഐലന്റ് ബാര്‍ബര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. മുടിവെട്ടാന്‍ പഠിപ്പിക്കുന്ന കേന്ദ്രം!
ഒടുവില്‍ കാര്‍ വലിയൊരു സെമിത്തേരിയുടെ കൂറ്റന്‍ ഇരുമ്പുഗെയ്റ്റിനുമുന്നിലെത്തി. ഗെയ്റ്റു തുറന്നപ്പോള്‍ എങ്ങും കാണുന്നത് സ്മാരകശിലകള്‍ മാത്രം. അവയ്ക്കിടയിലൂടെ പലതായി പിരിയുന്ന വഴികള്‍. വിജനമാണ് സെമിത്തേരി. പല വഴികളിലൂടെ കുറേനേരമോടി ഒടുവില്‍ സെമിത്തേരിയുടെ ഓഫീസ് കണ്ടുപിടിച്ചു. 'നമ്മള്‍ തെരയുന്ന സെമിത്തേരി ഇതുതന്നെയാണോ എന്ന് അന്വേഷിച്ചുവരാം.'
കാറില്‍നിന്നിറങ്ങി ഓഫീസിലേക്ക് ഓടുമ്പോള്‍ കുര്യാച്ചന്‍ പറഞ്ഞു. പോയ അതേ സ്പീഡില്‍ തിരിച്ചു വരികയും ചെയ്തു.
'മൃഗങ്ങളുടെ സെമിത്തേരി ഇതല്ല. ഇത് മനുഷ്യമൃഗങ്ങളുടേതാണ്.'
കോട്ടിലെ മഴവെള്ളം കുടഞ്ഞുകളഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഗ്രീന്‍ഫീല്‍ഡ് എന്നുപേരുള്ള ആ സെമിത്തേരി ഹെംസ്‌റ്റെഡ് നഗരഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. 158 ഏക്കര്‍ വിസ്തൃതിയുള്ള ഗ്രീന്‍ഫീല്‍ഡ് സെമിത്തേരിയില്‍ ഏത് മതസ്ഥരുടെയും മൃതദേഹം സംസ്‌കരിക്കാം. ഒരു നിബന്ധന മാത്രം. ഹെംസ്‌റ്റെഡിന്റെ അതിര്‍ത്തിക്കുള്ളില്‍ വസിക്കുന്നവരുടെ മൃതദേഹം മാത്രമേ ഇവിടെ അടക്കംചെയ്യാന്‍ പാടുള്ളൂ.
ഗ്രീന്‍ഫീല്‍ഡിന്റെ കനത്ത ഗെയ്റ്റുകടന്ന് വീണ്ടും യാത്ര തുടരവേ വഴിവക്കില്‍ ഒരു പൊലീസുകാരിയെ കണ്ടു. അവരോട് ചോദിച്ച് പെറ്റ് സെമിത്തേരിയിലേക്കുള്ള വഴി മനസ്സിലാക്കിയ കുര്യാച്ചന്‍ ഉത്‌സാഹത്തോടെ ഡ്രൈവ് ചെയ്തു. മഴ തകര്‍ത്തുപെയ്യുകയാണ്. കാറിലെ റേഡിയോ ഓണ്‍ചെയ്തുവച്ചിട്ടുണ്ട്. കാലാവസ്ഥാമുന്നറിയിപ്പ് കേള്‍ക്കുകയാണ് പ്രധാന ലക്ഷ്യം. 'കത്രീന'യോ 'റീത്ത'യോ വരുന്നുണ്ടോ എന്നറിയണമല്ലോ.
വീണ്ടും ഒരു സെമിത്തേരിയിലെത്തി. അതിന്റെ ഓഫീസില്‍ ചെന്നാല്‍ ഷൂട്ടിംഗിന് അനുമതി ലഭിച്ചില്ലെങ്കിലോ എന്ന സംശയത്താല്‍ കുര്യാച്ചന്‍ കാര്‍ നേരെ വിട്ടു. ഒരിടത്ത് കാര്‍ നിര്‍ത്തി അദ്ദേഹം പറഞ്ഞു:
'പോയി വിശദമായി ഷൂട്ട് ചെയ്‌തോളൂ. കുടയെടുക്കാന്‍ മറക്കേണ്ട'
ഞാന്‍ പുറത്തേക്കുനോക്കി. മനുഷ്യരുടെ സെമിത്തേരിയില്‍ കണ്ടതുപോലെ കുറേ മാര്‍ബിള്‍ ഫലകങ്ങള്‍ ഉയര്‍ന്നുനില്‍ക്കുന്നു. ചില ശിലകള്‍ക്കുകീഴേ അല്‍പംമുമ്പ് അര്‍പ്പിച്ച പൂച്ചെണ്ട്. മറ്റുചിലതില്‍ ചെറിയ ചില്ലുപെട്ടിക്കകത്ത് കത്തിച്ചുവച്ച മെഴുകുതിരി.
'വീണ്ടും തെറ്റിയിരിക്കുന്നു. ഇതും മനുഷ്യരുടെ സെമിത്തേരിയാണ്.'
ഞാന്‍ കുര്യാച്ചനോടു പറഞ്ഞു. അദ്ദേഹത്തിനും സംശയമായി.
അപ്പോഴാണ് ഞാന്‍ ഒരു സ്മാരകശിലയിലെ ചിത്രം കണ്ടത്. സുന്ദരിയായ ഒരു പട്ടിയുടെ ചിത്രം മാര്‍ബിളില്‍ കൊത്തിവച്ചിരിക്കുന്നു. താഴെ വിവരണവും:
'ജിജി. ജനനം 1957. മരണം 1968'
'ഇതുതന്നെ നമ്മളുദ്ദേശിച്ച സ്ഥലം.' ഞാന്‍ വിളിച്ചുപറഞ്ഞു. പിന്നെ കുടയും ക്യാമറയുമെടുത്ത് പുറത്തിറങ്ങി.
ആയിരക്കണക്കിന് ഓര്‍മ്മക്കല്ലുകള്‍ നിരന്നുനില്‍ക്കുന്ന സെമിത്തേരി. ഓരോ കുഴിമാടത്തിനു ചുറ്റിലും ഭംഗിയായി പൂച്ചെടികള്‍ നട്ടുവളര്‍ത്തിയിരുന്നു. അമേരിക്കക്കാര്‍ക്ക് തങ്ങളുടെ വളര്‍ത്തുമൃഗങ്ങളുമായുള്ള ഗാഢമായ ബന്ധം മനസ്സിലാക്കാന്‍ ഈ പെറ്റ് സെമിത്തേരിയേക്കാള്‍ വലിയൊരു ഉദാഹരണമുണ്ടാവില്ല.
ഏറ്റവും സുന്ദരമായ സ്മാരക ശിലകള്‍, പൂക്കള്‍. ഓര്‍മ്മക്കുറിപ്പുകള്‍... സെമിത്തേരിയിലൂടെ നടക്കുമ്പോള്‍ ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ അത്ഭുത സ്തബ്ധനായി.
ചില സ്മാരകശിലകളുടെ ചുവട്ടില്‍ കുരുത്തോലക്കുരിശും വര്‍ണപുഷ്പങ്ങളുമൊക്കെ അര്‍പ്പിച്ചിരിക്കുന്നു. രണ്ട് പട്ടികളെ സംസ്‌കരിച്ചിടത്തെ മാര്‍ബിള്‍ഫലകത്തില്‍ എഴുതിവച്ചിരിക്കുന്നു: 'എന്റെ പ്രിയപ്പെട്ടവര്‍ എന്നോടൊത്ത് അവിടെയില്ലെങ്കില്‍ സ്വര്‍ഗം ഒരിക്കലും എനിക്ക് സ്വര്‍ഗമാവില്ല.'
മറ്റൊരു കല്ലറയില്‍ എപ്പി എന്നും മിക്കി എന്നും പേരുള്ള പട്ടികളുടെ ചിത്രത്തിനുകീഴെ 'വീണ്ടും സന്ധിക്കാം വിശ്വസ്തരായ സുഹൃത്തുക്കളേ' എന്ന് ഉടമയുടെ സ്‌നേഹവചനം. ജീവിച്ചിരുന്നപ്പോള്‍ തങ്ങളുടെ പ്രിയ മൃഗങ്ങള്‍ ഇഷ്ടപ്പെട്ടിരുന്ന വസ്തുക്കള്‍ പല കല്ലറയുടെയും മുകളില്‍ വച്ചിരിക്കുന്നതുകണ്ടു. ബൂബൂ എന്ന പട്ടിക്കുട്ടിയുടെ കുഴിമാടത്തില്‍ ചെറിയൊരു മത്‌സ്യത്തിന്റെ പാവ. വേറൊന്നില്‍ എല്ലിന്‍കഷണങ്ങള്‍ കുരിശിന്റെ ആകൃതിയില്‍ വച്ചിരിക്കുന്നു. മറ്റൊരു കുഴിമാടത്തിനു മുന്നില്‍ ടെന്നീസ് ബോള്‍...
മിക്ക സ്മാരകശിലയിലും കഥാവശേഷനായ പട്ടിയുടെ ചിത്രമുണ്ട്. 'യേശുവും മറിയവും സകല പുണ്യാളന്മാരും സ്വര്‍ഗത്തിലിരിക്കുന്ന ഞങ്ങളുടെ മാലാഖ മിസി ആനിനെ കാത്തുകൊള്ളണേ' എന്ന് ഒരു ഫലകത്തില്‍ പ്രാര്‍ത്ഥനാവചനം. സ്മാരകശിലകള്‍ക്കു മുന്നില്‍ കുരിശും പുണ്യാളന്മാരുടെ പ്രതിമകളും തീവ്രമായ പ്രാര്‍ത്ഥനാവചനങ്ങളുമൊക്കെ കാണാം. നമുക്കിത് തമാശയായി തോന്നാം. എന്നാല്‍ ശക്തമായ ആത്മബന്ധത്തിന്റെ നിത്യസാക്ഷ്യമാണ് ഈ സെമിത്തേരിക്കാഴ്ച.
അമേരിക്കയിലും യൂറോപ്പിലുമൊക്കെയുള്ളവര്‍ തങ്ങളുടെ വളര്‍ത്തുമൃഗങ്ങളോടുകാട്ടുന്ന സ്‌നേഹവും വാത്‌സല്യവുമൊക്കെ പ്രസിദ്ധമാണ്. മിക്ക വീട്ടിലുമുണ്ടാകും അരുമയായ ഒരു പട്ടിയോ പൂച്ചയോ. പലരും തങ്ങളുടെ വില്‍പത്രത്തില്‍ ഓമനയായ വളര്‍ത്തുമൃഗത്തിന് സമ്പത്തിന്റെ ഒരുഭാഗം നീക്കിവയ്ക്കുന്നത് ഇവിടങ്ങളിലെ പതിവു പരിപാടിയത്രേ. വീട്ടില്‍ കുടുംബാംഗത്തോളമോ അതിലും ഉയര്‍ന്നതോ ആയ സ്ഥാനം ഈ മൃഗങ്ങള്‍ക്കുണ്ട്. വീട്ടുകാരോടൊപ്പം ഒരേ മെത്തയിലാണ് അവ ഉറങ്ങുക. കഴിക്കാന്‍ പോഷകസമൃദ്ധമായ ഭക്ഷണം. കളിക്കാനും കുളിക്കാനുമൊക്കെ ചെലവേറിയ സംവിധാനങ്ങള്‍. ധരിക്കാന്‍ വിലകൂടിയ 'ഉടുപ്പുകള്‍.' ചികിത്‌സയ്ക്കും ആരോഗ്യസംരക്ഷണത്തിനുമെല്ലാം സമയബന്ധിതമായ ഏര്‍പ്പാടുകള്‍. മറ്റെന്തുവേണം?
ഭൂരിപക്ഷം മാതാപിതാക്കളുടെയും മക്കള്‍ കൗമാരപ്രായം കഴിയുന്നതോടെ സ്വന്തം ഇണയോടൊത്ത് മറ്റൊരു വീട്ടിലേക്ക് മാറുന്നതാണ് അമേരിക്കന്‍ പതിവ്. ജീവിതത്തിന്റെ സായംകാലത്ത് ആ മാതാപിതാക്കള്‍ക്ക് ഓമനിക്കാനും അവരെ സ്‌നേഹിക്കാനും വളര്‍ത്തുമൃഗങ്ങള്‍തന്നെയേ ഉണ്ടാവൂ. ബുദ്ധിയുള്ള ശ്വാനന്‍മാരാകട്ടെ എന്നും ഉടമകളുടെ വിശ്വസ്തരുമായിരിക്കും.
കൗതുകമുണര്‍ത്തുന്ന പെറ്റ് സെമിത്തേരിയുടെ ഒരുഭാഗം ചിറകുള്ള ഓമനകളുടെ അന്ത്യവിശ്രമസ്ഥാനമാണ്. വളര്‍ത്തുപക്ഷികളെ സംസ്‌കരിച്ചിരിക്കുന്നയിടം. തങ്ങളുടെ പ്രിയപ്പെട്ട പക്ഷികളുടെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനുവേണ്ടി ചില ഉടമസ്ഥര്‍ ശ്മശാനത്തിന് ചാരുബെഞ്ചും മറ്റും സംഭാവനയായി നല്‍കിയിരിക്കുന്നതും കണ്ടു. പട്ടി, പൂച്ച, കുരങ്ങ്, കുതിര, മത്‌സ്യം, പക്ഷികള്‍ എന്നിവയെയാണ് ഈ സെമിത്തേരിയില്‍ സംസ്‌കരിക്കുക.
1903ല്‍ പ്രവര്‍ത്തനമാരംഭിച്ച ബൈഡ് എവീ എന്ന സംഘടനയുടെ ഉടമസ്ഥതയിലുള്ളതാണ് പെറ്റ് സെമിത്തേരി. ആ സംഘടനയുടെ ഓഫീസ് സെമിത്തേരിയുടെ ഒരു മൂലയിലുണ്ട്. ഞാന്‍ അവിടവും ഒന്നു സന്ദര്‍ശിച്ചു. മനുഷ്യരുടെ ഫ്യൂണറല്‍ ഹോമിലുള്ള സജ്ജീകരണങ്ങളൊക്കെ ആ കെട്ടിടത്തിലുണ്ട്. മൃഗങ്ങളുടെ മൃതദേഹം സൂക്ഷിക്കാനുള്ള മോര്‍ച്ചറി. വ്യൂവിംഗ് റൂം, വ്യൂവിംഗ് ടേബിള്‍ എന്നിവയെല്ലാം. എല്ലാ വര്‍ഷവും സെപ്റ്റംബര്‍ മാസത്തിലെ രണ്ടാം ഞായറാഴ്ച ഈ സെമിത്തേരിയില്‍ 'മൃഗങ്ങളുടെ ഓര്‍മ്മദിവസം' ആചരിക്കുന്നു. ഇവിടെ സംസ്‌കരിച്ച മൃഗങ്ങളുടെ ഉടമസ്ഥരും പൗരപ്രമുഖരും സെനറ്റര്‍മാരുമൊക്കെ അന്ന് അനുസ്മരണച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഇവിടെയെത്തും.
പൊമറേനിയന്‍ പട്ടിക്കുഞ്ഞിന്റെ മുഖഭാവമുള്ള ഒരു ജീവനക്കാരിയുണ്ട് ഓഫീസില്‍. അവരാണ് താത്പര്യപൂര്‍വം കാര്യങ്ങളെല്ലാം എനിക്ക് വിശദീകരിച്ചുതന്നത്. യാത്രപറഞ്ഞ് ഇറങ്ങാന്‍ നേരം ബൈഡ് എവീ സംഘടനയുടെ വിവരങ്ങളടങ്ങിയ ബ്രോഷറും സംഭാവനയ്ക്കുള്ള അഭ്യര്‍ത്ഥനയുമെല്ലാം ഉള്‍പ്പെട്ട ഒരു വലിയ കവര്‍ ആ സ്ത്രീ എനിക്ക് തരികയും ചെയ്തു.
ചാറ്റല്‍മഴയിലൂടെ തിരികെയെത്തുമ്പോള്‍ ചില്ലുയര്‍ത്തിയിട്ട കാറിനകത്ത് കുര്യാച്ചന്‍ ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. ഞങ്ങള്‍ പുറപ്പെട്ടു. മഴ ഇടവിട്ടു പെയ്യുന്നുണ്ട്. ബുധനാഴ്ചയാണ്. കുര്യാച്ചന്റെ ഒരു ലീവുദിവസം ഞാന്‍ നഷ്ടപ്പെടുത്തുകയാണല്ലോ. സാധാരണ ഇത്തരം മഴയുള്ള ദിവസങ്ങളില്‍ വീട്ടില്‍നിന്നു പുറത്തിറങ്ങാതെ ടി.വി. കണ്ടിരിക്കുകയായിരിക്കും ഇവിടത്തുകാരുടെയൊക്കെ പരിപാടി. കഴിഞ്ഞ ഇരുപതുവര്‍ഷമായി കുര്യാച്ചന്റെ ശീലവും അതാണ്. അദ്ദേഹത്തെ ഇനിയും ഉപദ്രവിക്കുന്നതെങ്ങനെ?
'നമുക്ക് വീട്ടിലേക്ക് മടങ്ങാം.'
- ഞാന്‍ പറഞ്ഞു.
ഫ്‌ളോറല്‍പാര്‍ക്കിലേക്ക് തിരിയുന്ന ജംഗ്ഷനിലെത്തിയപ്പോള്‍ കുര്യാച്ചന്‍ കാര്‍ റോഡിന്റെ ഓരംചേര്‍ത്തു നിര്‍ത്തി.
'ഇറങ്ങ്. ഒരാളെ പരിചയപ്പെടുത്താം.'
മഴ ശമിച്ചിരിക്കുന്നു. ഒരു കടയുടെ മുന്നിലാണെത്തിയത്. കടയുടെ ബോര്‍ഡുകണ്ട് ഞാന്‍ അമ്പരന്നു. 'തട്ടുകട' എന്ന് മലയാളത്തില്‍ വലുതാക്കി എഴുതിവച്ചിരിക്കുന്നു. ന്യൂയോര്‍ക്കില്‍ മലയാളിയുടെ തട്ടുകട! 'കേരള കിച്ചണ്‍' എന്ന് വേറൊരു ബോര്‍ഡുമുണ്ട്.
കടയുടെ മുന്‍ഭാഗത്തെ ഗ്ലാസ് ചുവരിലൊക്കെ ചെറിയ ബോര്‍ഡുകളുണ്ട്. എല്ലാം മലയാളത്തില്‍ത്തന്നെ: ചപ്പാത്തി, പുട്ട്, കപ്പ ബിരിയാണി, ബീഫ്, പോത്ത് കരള്‍...
വാതില്‍തുറന്ന് ഞങ്ങള്‍ അകത്തുകയറി.
കടയില്‍ അധികമാളുകളില്ല. ഭിത്തിയില്‍ വലിയൊരു ടി.വി. അതില്‍ ഏഷ്യാനെറ്റിലെ സീരിയല്‍ തിമര്‍ക്കുന്നു. ഒരു മൂലയില്‍ ചെറിയൊരു കൗണ്ടറുണ്ട്. അതില്‍ രണ്ട് മലയാളി ചെറുപ്പക്കാര്‍. കടയുടമ എബിയും സുഹൃത്തും. എബി കാഞ്ഞിരപ്പള്ളിക്കാരനാണ്. അയാള്‍ വളരെ സന്തോഷപൂര്‍വം ഞങ്ങളെ സ്വീകരിച്ചു.
കേരളത്തിലെ ഏതെങ്കിലും നാട്ടിന്‍പുറത്തെ ഹോട്ടല്‍ സങ്കല്‍പ്പിച്ചുനോക്കൂ. അതുതന്നെയാണ് ന്യൂയോര്‍ക്കില്‍ എബി നടത്തുന്നതും. വിഭവങ്ങളുടെ വിലവിവരപ്പട്ടിക ചുവരിലുണ്ട്. കപ്പ, മീന്‍കറി, പൊറോട്ട, ദോശ എന്നിങ്ങനെ വിഭവങ്ങള്‍. വിലയെഴുതിയിരിക്കുന്നത് ഡോളറിലാണെന്നു മാത്രം. തന്റെ കടയുടെ അടുക്കളയൊക്കെ എബി എന്നെ കാണിച്ചു. പ്രധാന പാചകക്കാരി തൊടുപുഴക്കാരിയായ അന്നാമ്മച്ചേടത്തിയാണ്. ഞാന്‍ ചെല്ലുമ്പോള്‍ ചേടത്തി കേരളാ സ്‌റ്റൈലില്‍ തേങ്ങാച്ചമ്മന്തിയരയ്ക്കുകയാണ്. കോട്ടയം ജില്ലയിലെ കല്ലറ സ്വദേശിയായ ബിജുവാണ് മറ്റൊരു പാചകക്കാരന്‍.
എബിയുടെ കടയും അടുക്കളയുമൊക്കെ ഞാന്‍ ഷൂട്ട് ചെയ്തു. എബിയുമായുള്ള ഒരു അഭിമുഖവുമെടുത്തു. മലയാളികള്‍ ധാരാളമായി എബിയുടെ തട്ടുകടയില്‍ ഭക്ഷണംകഴിക്കാനെത്താറുണ്ട്. അമേരിക്കയിലെ 'ഇന്‍സ്റ്റന്റ് ഫുഡ്' സംസ്‌കാരത്തില്‍ അവര്‍ക്കൊരു ആശ്രയമാണ് കേരള കിച്ചണ്‍.
വളരെ പെട്ടെന്നുതന്നെ എനിക്കും കുര്യാച്ചനുംവേണ്ടി മേശയില്‍ വിഭവങ്ങള്‍ നിരന്നു. പൊറോട്ടയും മട്ടന്‍കറിയും. സന്തോഷപൂര്‍വം ഞങ്ങള്‍ ആ ആതിഥ്യം സ്വീകരിച്ചു. ഭക്ഷണത്തിന്റെ ബില്‍ പേ ചെയ്യാന്‍ കുര്യാച്ചന്‍ ഒരു ശ്രമം നടത്തിയെങ്കിലും എബി വഴങ്ങിയില്ല.
ഞങ്ങൾ വീട്ടിലേക്ക് മടങ്ങി.
(നാളെ: ഒരു പത്തേമാരിയുമായി അമേരിക്കയിൽനിന്നും കേരളത്തിലേക്ക്)
സന്തോഷ് ജോർജ് കുളങ്ങരയുടെ പുസ്തകങ്ങൾ വാങ്ങാൻ സന്ദർശിക്കുക: https://www.safaritvchannel.com/buy-videos/buy-safari-tv-books