12/04/2024
ഖലീഫ ഉമറിന്റെ ഭരണകാലത്താണ്. മൂന്ന് പേര് ചേർന്ന് ഒരു യുവാവിനെ ഭരണാധികാരിയുടെ മുന്നിൽ ഹാജരാക്കി പറഞ്ഞു.
" ഇയാൾ ഞങ്ങളുടെ ഉപ്പയെ കൊന്നു."
ഖലീഫ ഉമർ പ്രതിയെ നോക്കി.
" ശരിയാണ്, പക്ഷെ അറിഞ്ഞു കൊണ്ട് ചെയ്തതല്ല. അബദ്ധത്തിൽ പറ്റിയതാണ്.."
കേസ് വിചാരണയ്ക്കെത്തി. കൊല്ലപ്പെട്ട വ്യക്തിയുടെ മക്കൾ ക്ഷമിക്കാൻ തയ്യാറായില്ല. കുടുംബം മാപ്പ് നൽകിയില്ലെങ്കിൽ കൊലപാതകത്തിന് വധശിക്ഷയാണ് നിയമം.
ഖലീഫ ഉമർ പ്രതിയോട് ചോദിച്ചു:
"അവസാനമായി എന്തെങ്കിലും ആഗ്രഹമുണ്ടോ..? "
പ്രതി പറഞ്ഞു:
" എനിക്ക് വീട്ടുകാരെ കണ്ട് യാത്ര പറയാൻ മൂന്ന് ദിവസം സമയം നൽകണം."
പ്രതിക്ക് പോകണമെങ്കിൽ മദീനയിലുള്ള ഒരാൾ ജാമ്യം നിൽക്കണം. പ്രതി മടങ്ങി വന്നില്ലെങ്കിൽ ജാമ്യക്കാരന്‍ ശിക്ഷ അനുഭവിക്കേണ്ടിവരും.
അപരചിതനായ ഒരാൾക്ക് വേണ്ടി ജാമ്യം നിൽക്കാൻ ആരും തയ്യാറായില്ല. ആ സമയം പ്രായമായ ഒരു മനുഷ്യൻ എഴുന്നേറ്റ് നിന്നു. എഴുനേറ്റ് നിന്ന മനുഷ്യനെ കണ്ട് ഉമർ ഞെട്ടി.
" അബൂ ദർറ് , താങ്കളോ..? "
" ഞാൻ ജാമ്യം നിൽക്കാം."
" പ്രതി മടങ്ങി വന്നില്ലെങ്കിൽ ശിക്ഷ താങ്കൾ അനുഭവിക്കേണ്ടി വരും."
" അറിയാം.."
അബൂ ദർറിന്റെ ജാമ്യത്തിൽ പ്രതി നാട്ടിലേക്ക് പോയി. ആദ്യ രണ്ട് ദിവസവും മൂന്നാം ദിവസവും കഴിഞ്ഞു. അവധി കഴിഞ്ഞിട്ടും പ്രതി മടങ്ങി വരാതെ ആയപ്പോൾ അബൂ ദർറിന്റെ തൂക്കിലേറ്റാൻ തീരുമാനിച്ചു.
കഴുമരത്തിലേക്ക് അബൂ ദർറ് നടന്നുപോകുകയാണ്. കൂടി നിന്ന ആളുകളുടെ ഹൃദയമിടിപ്പ് കൂടി. പ്രവാചക ശിഷ്യനെയാണ് വധിക്കാൻ പോകുന്നത്.
ആ സമയം ദൂരെ നിന്നും പ്രതി ഓടികിതച്ച് വരികയാണ്. ആ രംഗം കണ്ട് എല്ലാവരും ഞെട്ടി. വധ ശിക്ഷ സ്വീകരിക്കാൻ പ്രതി വന്നിരിക്കുന്നു.
കിതച്ചുവന്ന പ്രതിയോട് ഖലീഫ ചോദിച്ചു:
" എന്തുകൊണ്ടാണ് വൈകിയത്..? "
" കുട്ടിക്ക് അസുഖമായിരുന്നു. വയ്യാത്തതിനാൽ അല്പം സമയം അടുത്തിരുന്നു...? "
" വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ അവസരം ഉണ്ടായിട്ടും നിങ്ങൾ എന്തിനാണ് മടങ്ങി വന്നത്."
പ്രതിയുടെ ഉത്തരം കേൾക്കാൻ കൂടിനിന്നവർ കാതുകൾ കൂർപ്പിച്ചു.
അബൂ ദർറിന്റെ മുഖത്തേക്ക് നോക്കി പ്രതി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു:
" എന്നെ വിശ്വസിച്ച ഒരാളെ വഞ്ചിക്കരുതെന്ന് ഞാന്‍ ആഗ്രഹിച്ചു.."
അബൂ ദർറിനോട് ഉമർ ചോദിച്ചു.
" അപരിചിതനായ ഒരാൾക്ക് വേണ്ടി താങ്കൾ ജാമ്യം നിന്നു. അയാൾ മടങ്ങി വരുമെന്ന് താങ്കൾക്ക് അറിയുമായിരുന്നോ..? "
" ഞാൻ ജീവിച്ചിരിക്കെ ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ വിശ്വസിക്കാത്ത അവസ്ഥയുണ്ടാവരുതെന്നാണ് ഞാൻ ആഗ്രഹിച്ചത്. "
ഒരു പരിചയവുമില്ലാത്ത രണ്ടു മനുഷ്യരുടെ മാനവികത കണ്ട് കോടതിയിലുണ്ടായ എല്ലാരുടെയും കണ്ണ് നിറഞ്ഞു. ശിക്ഷ നടപ്പിലാക്കുന്നത് കാണാൻ എത്തിയ കൊല്ലപ്പെട്ട വ്യക്തിയുടെ മക്കളും ആ കൂട്ടത്തിലുണ്ടായിരുന്നു. അവർ പ്രതിക്ക് മാപ്പു നൽകി.
ഈ സംഭവം ഓർക്കാൻ കാരണം കഴിഞ്ഞ കുറച്ച് ദിവസമായി അബ്ദുൽ റഹീം എന്ന മലയാളിക്ക് വേണ്ടി ഒരു ജനത ഒന്നടങ്കം പണം സ്വരൂപിക്കാൻ ശ്രമിക്കുകയാണ്.
അബദ്ധത്തിൽ സൗദി പൗരന്റെ മരണത്തിന് കാരണക്കാരനായി വധശിക്ഷ കാത്ത് ജയിലിൽ കിടക്കുകയാണ് അബ്ദുൽ റഹീം.
മുപ്പത്തിനാല് കോടി രൂപ ബ്ലഡ് മണി നൽകിയാൽ വധശിക്ഷയിൽ നിന്ന് റഹീം മോചിതനാവും.
റഹീമിനെ രക്ഷിക്കാനും അവസാനമായി ഉമ്മാക്ക് മകനെ കാണാനും ഒരു രൂപ മുതൽ കോടികൾ വരെ നൽകി വിശ്വസിച്ച് കൂടെ നിൽക്കുകയാണ് മലയാളികൾ.
ആ തുക കണ്ടെത്താൻ ജാതി മത ഭേദമില്ലാതെ ഒരോരുത്തരും അപരിചിതനായ അബ്ദുൽ റഹീമിന് വേണ്ടി അബൂ ദർറ് ആവുന്ന കാഴ്ച. ❤️
https://abdulrahimlegalassistance.page.link/app