14/12/2019
പട്ടി/പൂച്ച ഒക്കെ കടിച്ചാൽ എന്തു ചെയ്യണം?⁉️
✅️മുറിവ് ശുദ്ധജലം ഉപയോഗിച്ചു നന്നായി കഴുകണം. ഒഴുകുന്ന വെള്ളത്തിനു നേരെ കടിയേറ്റ ഭാഗം കുറേനേരം വയ്‌ക്കാം. അണുനാശിനി /സോപ്പ് ഉപയോഗിച്ചു കഴുകുകയും വേണം. മുറിവിൽ നിന്നു രക്‌തം വരുന്നുണ്ടെങ്കിൽ വൃത്തിയുള്ള തുണികൊണ്ടു കെട്ടിവയ്‌ക്കാം. പ്രാഥമിക ശുശ്രൂഷയ്‌ക്കു ശേഷം കടിയേറ്റയാളെ എത്രയും വേഗം ആശുപത്രിയിലെത്തിക്കണം. മുറിവ് ക്ലീൻ ചെയ്യൽ, പേവിഷബാധക്ക് എതിരെയുള്ള കുത്തിവെപ്പ്, ടിടി വാക്‌സിൻ നൽകൽ തുടങ്ങിയ കാര്യങ്ങളാണ് അവിടെ ചെയ്യുക.
✅️ആഴം കൂടിയ മുറിവ്, മുറിവേറ്റ ഭാഗം ചുവന്നു തടിച്ചു നീരു വയ്‌ക്കുക എന്നീ ലക്ഷണങ്ങൾ അവഗണിക്കരുത്.
✅️പട്ടി, പൂച്ച, മരപ്പട്ടി, കുരങ്ങൻ, പെരുച്ചാഴി, കുറുക്കൻ തുടങ്ങി നാട്ടുമൃഗങ്ങളും കാട്ടുമൃഗങ്ങളും നമുക്ക് കൊണ്ടു വരാവുന്ന അസുഖം ആണ് പേവിഷബാധ.
✅️പേയുള്ള മൃഗം കടിച്ച ശേഷം രോഗാണു ശരീരത്തിൽ പണി തുടങ്ങിക്കഴിഞ്ഞാൽ മരണം ഉറപ്പാണ്. ലോകത്ത് ഇന്ന് വരെ പേവിഷബാധക്ക് ഫലപ്രദമായ ചികിത്സയില്ല.
✅️ഏതൊരു മൃഗവും മാന്തുകയോ കടിക്കുകയോ ചെയ്‌താൽ ആദ്യം ചെയ്യേണ്ടത് ആ ഭാഗം വൃത്തിയായി സോപ്പിട്ട് കഴുകുകയാണ്. പേവിഷബാധയുണ്ടാക്കുന്ന റാബീസ് വൈറസുകൾ ഒരു പരിധി വരെ ഈ ഒഴുകുന്ന വെള്ളത്തിൽ ഒലിച്ച് പോകും.
കടിയേറ്റാലുടനെ IDRV ‼️
✅️. പൂച്ചയുടെ കടിയും മാന്തലുമേറ്റു എത്തുന്നവർക്കും ഐഡിആർവി (ഇൻട്ര ഡെൽമൽ റാബീസ് ആന്റി വാക്‌സിനേഷൻ) കുത്തിവയ്‌പ്പാണു നൽകുന്നത്. ഇതോടൊപ്പം ടിടിയും എടുക്കുന്നു. നാലു തവണയായി ഒരു മാസം കൊണ്ടാണ് ഐഡിആർവി ഒരു കോഴ്‌സ് പൂർത്തിയാക്കുന്നത്. പ്രത്യേക പഥ്യമില്ല. അതേസമയം മദ്യം ഒഴിവാക്കണം. 200 രൂപയോളം വില വരുന്ന കുത്തിവയ്‌പ്പ് എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമാണ്.
✅️പലരും കരുതും പോലെ പേവിഷബാധക്കെതിരെയുള്ള കുത്തിവെപ്പ് പേ ഇല്ലാതാക്കാനുള്ള മരുന്നല്ല, മറിച്ച് പേ വരാതിരിക്കാനുള്ള വാക്‌സിനാണ്. റാബീസ് വൈറസ് മുറിവിൽ നിന്നും വളരെ പതുക്കെ ഞരമ്പുകൾ വഴി തലച്ചോറിലെത്തി ജീവാപായം വരുത്തുന്ന ഒന്നാണ്. തലച്ചോറിൽ നിന്ന് എത്ര ദൂരെയാണോ മുറിവേറ്റ ഭാഗം, അത്രയും പതുക്കെയേ റാബീസ് വൈറസ് തലച്ചോറിലെത്തൂ.
✅️അതായത് പട്ടിക്കുട്ടി മുഖം കടിച്ചു കീറിയാൽ കാലിൽ പറ്റുന്ന മുറിവിനേക്കാൾ കാര്യം സീരിയസാണ്. അതിൽ തന്നെ, മാന്തലിനും കടിക്കുന്നതിനുമെല്ലാം മുറിവിന്റെ സങ്കീർണത നേരിട്ട് നിർണയിക്കേണ്ടത് പരിശോധിക്കുന്ന ഡോക്‌ടറാണ്. വൈറസ് തലച്ചോറിലെത്തും മുൻപേ വാക്‌സിൻ ദേഹത്ത് കയറണം. എങ്ങനെയും റാബീസ് വൈറസിനെ നശിപ്പിച്ചേ മതിയാകൂ, കാരണം രോഗബാധ ഉണ്ടായാൽ മരണം സുനിശ്‌ചിതമാണ്.
✅️അതുകൊണ്ട് തന്നെ കൃത്യമായി ഡോക്‌ടർ പറയുന്ന നാലു ദിവസവും വന്ന് കൈയില് കുത്ത് മേടിക്കുക, പത്തു ദിവസത്തേക്ക് ആ മൃഗത്തിന് വല്ല മാറ്റവുമുണ്ടോ, അത് മൃതിയടയുന്നുണ്ടോ എന്നൊക്കെ നിരീക്ഷിക്കുക.
✅️പിന്നെ, ഇരുട്ടത്ത് കടിച്ചോടിപ്പോയത് പട്ടിയാണോ പൂച്ചയാണോ എലിയാണോ എന്ന് സംശയം തോന്നുന്ന അവസരത്തിൽ, കടി കിട്ടി കുത്തിവെപ്പ് എടുക്കണോന്ന് സംശയിച്ച് നിൽക്കുന്നതിലും നല്ലത് എത്രയും പെട്ടന്ന് റാബീസ് വാക്‌സിൻ എടുക്കുന്നതാണ്. അണുബാധ വന്നു കഴിഞ്ഞ് ജീവൻ പോകുന്നതിലും നല്ലത് കുത്ത് മേടിക്കുന്നത് തന്നെയാണേ...
✅️ എലി, അണ്ണാൻ, മുയൽ തുടങ്ങിയ ജീവികൾ മുഖാന്തിരവും റാബീസ് പകരുന്നതാണ്.
അപകടകാരികളെ തിരിച്ചറിയാം‼️
✅️പേ പിടിച്ച മൃഗങ്ങളെ അവയുടെ സ്വഭാവം കൊണ്ടു തിരിച്ചറിയാനാകും. പ്രത്യേക പ്രകോപനമൊന്നും കൂടാതെ തന്നെ പട്ടിയോ പൂച്ചയോ ആക്രമിക്കാനൊരുങ്ങുന്നുവെങ്കിൽ സൂക്ഷിക്കണം. വായിൽനിന്ന് ഉമിനീരൊഴുകുക, കീഴ്‌ത്താടി തൂങ്ങിക്കിടക്കുക എന്നിവയും രോഗമുള്ള മൃഗങ്ങളുടെ ലക്ഷണമാണ്.
✅️പേ പിടിച്ച നായയുടെയും പൂച്ചയുടെയും ഉമിനീരിൽ ആറു ദിവസം മുൻപുതന്നെ രോഗാണുവിന്റെ സാന്നിധ്യമുണ്ടാകും. പനി, തലവേദന, കണ്ണിനു ചുവപ്പ്, ദേഹമാകെ ചൊറിച്ചിൽ, തൊണ്ടവേദന, വിറയൽ, ശ്വാസതടസ്സം, ശബ്‌ദവ്യത്യാസം, ഉറക്കമില്ലായ്‌മ, കാറ്റിനോടും വെള്ളത്തിനോടും ഭയം എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഉടനടി വിദഗ്‌ധപരിശോധന നടത്തണം.