01/05/2021
ഊളമ്പാറ ജംക്ഷനിൽ ഒരു ഗണപതി അമ്പലം ഉണ്ട്.നല്ല ഐശ്വര്യമുള്ള ഒരു കുഞ്ഞു ഗണപതി ഒരു ചെറിയ മുറിയിൽ സുസ്മേര വദനനായി ഇരിക്കും. അച്ചു ആശുപത്രിയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഒക്കെയും കുഞ്ഞുഗണപതിയെ കാണാൻ രാവിലെയും വൈകിട്ടും ഞാൻ പോകുമായിരുന്നു.അവിടെ കാലത്തേ അർച്ചന കഴിച്ച ശേഷം ശ്യാമക്ക് റിപ്പോർട്ട് ചെയ്യണം. അതായിരുന്നു പതിവ്
ഒരു ദിവസം വൈകിട്ട് തൊഴുത ശേഷം അടുത്ത കടയിൽ എന്തോ വാങ്ങാൻ കേറിയപ്പോൾ അവിടെ ഒരു പട്ടിക്കുട്ടൻ,കഷ്ട്ടിച്ച് ഒരു വയസ്സ് വരും.തല ക്ലോക്ക് വെയ്‌സിലും ആന്റി ക്ലോക്ക് വെയ്‌സിലും കറക്കി കടയുടെ മുന്നിൽ നിന്ന് എന്നെ കൗതുകത്തോടെ നോക്കുന്നു.എന്തെടാ എന്ന് ചോദിച്ചപ്പോൾ വാൽ ആട്ടുന്നു. ആൾക്കാരെ കാണിക്കാൻ അതിന്റെ തലയിൽ ഒന്ന് തൊട്ട ശേഷം വാടാ എന്ന് പറഞ്ഞു ഞാൻ കടയിലേക്ക് നടന്നു
ഞാൻ കടക്കകത്തേക്ക് കയറിയപ്പോൾ ഒരു മടിയുമില്ലാതെ അവനും കൂടി അകത്തേക്ക് കയറി. ഞാനൊന്നു പരുങ്ങി.സാധാരണ ഗതിയിൽ കടക്കാരന്മാർ ദേഷ്യപ്പെടേണ്ടതാണ്, പക്ഷെ കടക്കാരൻ ഒന്നും പറഞ്ഞില്ല,ടാ പുറത്തു നിക്കെടാ എന്ന് മാത്രം പറഞ്ഞു, അവൻ രണ്ടടി പുറകോട്ട് വെച്ച ശേഷം ഒരടി അകത്തേക്ക് വെച്ച് വാലാട്ടി എന്നെയും കടക്കാരനെയും തല ചരിച്ചു മാറി മാറി നോക്കി.
സാധനം വാങ്ങിയ ശേഷം ഞാൻ ചോദിച്ചു ,ഇവൻ എന്തൊക്കെ തിന്നും, കടക്കാരൻ മറുപടി ഒന്നും പറയാതെ എന്റെ സാധനങ്ങൾ എല്ലാം കൂടെ കവറിൽ ഇട്ടു തന്നു.
ഞാൻ പറഞ്ഞു ഒരു ബിസ്ക്കറ്റ് പാക്കറ്റ് കൂടി വേണം
ഏതാണ്,പാർലെ? ബ്രിട്ടാനിയ?
ഏതായാലും മതി ഇവന് കൊടുക്കാനാണ്
ഇവനാണോ എന്ന ചോദിച്ചിട്ട് അയാൾ ഒരു ചെറു ചിരിയോടെ അകത്തേക്ക് പോയി ഏതോ പത്തു രൂപ ബിസ്‌ക്കറ്റുമായി വന്നു, ഞാൻ അത് വാങ്ങി പുറത്തേക്കിറങ്ങിയപ്പോൾ കടക്കാരൻ പറഞ്ഞു
അതാ ആ പോസ്റ്റിനപ്പുറം ഇടണേ
കടക്കകത്തു ഒരു മൂലയിൽ നിന്ന മുളളൻമുടി ഉള്ള ഏതോ ഒരാൾ എന്നോട് പറഞ്ഞു, അതിനു ബിസ്‌ക്കറ്റൊന്നും കൊടുക്കണ്ട കേട്ടോ
ഞാൻ അയാളെ വക വെക്കാതെ ബിസ്ക്കറ്റ് മൊത്തം പൊട്ടിച്ച് പോസ്റ്റിന്റെ മൂട്ടിൽ ഇട്ടു കൊടുത്തു, പട്ടി ആദ്യം അത് തിന്നാതെ എന്നെ തല ചരിച്ചു നോക്കി നിന്നു,ഞാൻ പിന്നിലേക്ക് മാറിയപ്പോൾ ഓരോന്നായി കഴിച്ചു തുടങ്ങി.നിറഞ്ഞ മനസോടെ ഞാൻ കാറിൽ കയറി വീട്ടിലേക്കു പോയി
അടുത്ത ദിവസം വൈകിട്ട് അമ്പലത്തിനു മുന്നിൽ കാർ നിറുത്തിയപ്പോൾ അതാ പട്ടിക്കുട്ടൻ കുറച്ചു ദൂരെ കടയുടെ മുന്നിൽ നിൽക്കുന്നു.തൊഴുത ശേഷം കാറിൽ കയറാൻ പോയതേ ഉള്ളു,അവൻ വന്ന് എന്റെ തലക്കൊപ്പം ചാടി സ്നേഹം കാണിക്കാൻ തുടങ്ങി.ഇടയ്ക്കു കൈ കൊണ്ട് എന്റെ കാലിലും പിടിക്കുന്നുണ്ട്.
സമീപത്തുള്ള ആൾക്കാർ ഒക്കെ പരസ്പരം നോക്കുന്നു,ചിരിക്കുന്നു,പിന്നെ പറയുന്നു,എന്തൊരു സ്നേഹം ,
ഞാൻ ചമ്മലോടെ പറഞ്ഞു അത് പിന്നെ ഒരിക്കൽ ബിസ്ക്കറ്റ് കൊടുത്തു,അതാണ്
അത്രയുമായപ്പോൾ അവൻ എന്റെ മുട്ടിൽ കെട്ടിപ്പിടിച്ചു ഷൂസിൽ സുഖമായി ഇരുപ്പായി കൊച്ചു പിള്ളേരൊക്കെ തൂണിൽ കയറി ഇരിക്കുമ്പോലെ ഒരു ഇരിപ്പ് ,മിമിക്രിയിൽ അംഗവൈകല്യമുള്ളവരെ കാണിക്കുന്നവർ കാൽ എടുത്തു വെക്കുമ്പോലെ ഞാൻ അതിനെയും കൊണ്ട് കാൽ കറക്കി കറക്കി നടന്ന് ആ കടയിലേക്ക് പോയി.വഴിയേ പോയ ബൈക്ക് കാർ യാത്രക്കാരെല്ലാം വണ്ടി നിറുത്തി കാഴ്ച കാണുന്നു.
വല്ല വിധവും തലേന്നത്തെ കടയിൽ എത്തിയപ്പോൾ കട പൂട്ടി അയാൾ എങ്ങോട്ടോ പോയിരിക്കുന്നു ,ദൈവമേ ഇനി എന്തോന്ന് ചെയ്യും, മഹാപാപി കടക്കാരൻ,ഞാൻ കാൽ കറക്കി എടുത്തു വെച്ച് തൊട്ടടുത്തുള്ള കടയിലേക്ക് കയറി. കയറിയ പാടെ വല്ലവിധവും കാൽ കുലുക്കി പട്ടിയെ താഴെ ഇട്ടു.അവൻ എണീറ്റ് തല പതിവ് പോലെ കറക്കി കറക്കി ബിസ്ക്കറ്റും കാത്തു നിൽക്കുന്നു
നോക്കിയപ്പോൾ അതൊരു പച്ചക്കറി കടയാണ്.അകത്തു നിന്ന മൂന്നോ നാലോ സ്ത്രീകൾ അലർച്ചയോടെ കയ്യിലെ മുറവും ബാഗും അതിൽ അവരെടുത്ത പച്ചക്കറിയും താഴെ ഇട്ടു പലവഴി പുറത്തേക്കോടി. ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു
ഹെലോ ചേച്ചീ, ഇത് എന്റെ പട്ടി അല്ല കേട്ടോ ,എന്റെ പട്ടി ഇങ്ങനെ അല്ല,
എന്നാൽ പിന്നെ സാറും ഇതും കൂടെ എന്റെ കടക്കകത്തു എന്തിനു വന്ന് സാറെ, ആൾക്കാരെല്ലാം ഇറങ്ങി ഓടുന്നത് കണ്ടില്ലേ സാറെ ? സാറിന് എന്തോന്ന് വേണം സാറെ,മിനക്കെടുത്താതെ പോ സാറെ
ഇതിനു കൊടുക്കാൻ പറ്റിയ എന്തെങ്കിലും തരണം,എന്നാലേ എനിക്ക് രക്ഷപെടാൻ പറ്റു
വെള്ളരിക്ക, കാരറ്റ് ,പാവക്ക,പടവലങ്ങ,വെണ്ടയ്ക്ക
ശോ,വേറെ ഒന്നുമില്ലേ? ഇതൊന്നും പട്ടി തിന്നൂലല്ലോ
വേവിച്ചു കൊടുത്താൽ തിന്നും സാറെ,അല്ലെങ്കിൽ മുറിച്ചു ഉപ്പും മുളകും ഇട്ടു കൊടുത്താലും ചില പട്ടികൾ തിന്നും
എനിക്ക് ദേഷ്യം വന്നു ,എങ്ങനെ എങ്കിലും ഒന്ന് കാർ വരെ എത്താൻ നോക്കുമ്പോഴാണ് ഇനി വേവിച്ചു കൊടുക്കുന്ന കാര്യം ,
അതേ കടക്കാരാ, ഞാൻ പൈസ തന്ന് ഈ പട്ടിയെയും ഇവിടെ ഏൽപ്പിച്ചാൽ നിങ്ങൾ വേവിച്ചു കൊടുത്തേക്കാമോ? നല്ല പട്ടിയാണ്,ഇവിടെ വെയിറ്റ് ചെയ്തോളും
അയ്യേ, ഒന്ന് പോ സാറെ ,ഇതിനേം കൊണ്ട് പോ
എന്നാൽ പിന്നെ ആ അണ്ടിപ്പരിപ്പും കിസ്‌മിസും തരണേ ,അതു തിന്നാൻ സാധ്യത ഉണ്ട്
ആകെ അതിനു പറ്റിയ ഐറ്റം ആയി തോന്നിയ രണ്ടു സാധനം അടങ്ങിയ കവർ വാങ്ങി ഞാൻ പുറത്തേക്കിറങ്ങി,ഷൂസിൽ വീണ്ടും കയറി ഇരുന്ന പട്ടിയെയും കൊണ്ട് ഞാൻ കാൽ കറക്കി കറക്കി പോസ്റ്റിനടുത്തു പോയി.കവർ പൊട്ടിച്ചു അണ്ടിപ്പരിപ്പും കിസ്മിസും ഇട്ടു കൊടുത്തു
പിന്നെ പതുക്കെ തിരിഞ്ഞു വേഗം കാറിലേക്ക് നടന്നു. ഫൂ ധൂ എന്നൊരു ശബ്ദം,തിരിഞ്ഞു നോക്കിയപ്പോൾ പട്ടി അണ്ടിപ്പരിപ്പും കിസ്മിസും തുപ്പിക്കളഞ്ഞതാണ് . കാറിലേക്ക് ഞാൻ ഓടാൻ പ്ലാൻ ചെയ്തപ്പോഴേക്കും അവൻ ഓടി വന്ന് കാലിൽ കെട്ടിപ്പിടിച്ചു ഷൂസിൽ ഇരുപ്പായി.അതിനെയും കൊണ്ട് എങ്ങോട്ടെന്നില്ലാതെ ഞാൻ കാലും കറക്കി നടന്നു.വീണ്ടും വഴിയേ പോകുന്നവർ ഒക്കെ ചിരിക്കുന്നുണ്ട്, അവരാരും ചോദിച്ചില്ലെങ്കിലും ഞാൻ അനാവശ്യമായി ഇംഗ്ളീഷിൽ അവരോടൊക്കെ പറഞ്ഞു
ദിസ് ഈസ് നോട്ട് മൈ ഡോഗ്, ബട്ട് ഐ ഗേവ് ബിസ്ക്കറ്റ് യൂ നോ, സൊ ഹീ ലവ് മി എ ലോട്ട്
അടുത്ത കട എങ്ങോട്ടെന്നറിയാതെ ഞാനും കാലിലെ പട്ടിയും കൂടെ നടന്നു പോയി.ഇടക്കൊക്കെ അവൻ ആഹാ നല്ല കാല് എന്ന് പറഞ്ഞു ഓരോ ചെറിയ കടിയും തരുന്നുണ്ട്.അങ്ങനെ പോകവേ ഒരു ശബ്ദം
ഇന്നലയെ പറഞ്ഞതല്ലേ കൊടുക്കണ്ടാ കൊടുക്കണ്ടാ എന്ന്
ഞാൻ തിരിഞ്ഞു നോക്കി,അവിടെ ഒരു രൂപം ഇരുട്ടിൽ ഒളിച്ചു നിൽക്കുന്നു ,നമ്മുടെ മുള്ളൻ മുടിക്കാരൻ ,ഇന്നലെ പട്ടിക്ക് ബിസ്ക്കറ്റ് കൊടുക്കണ്ട എന്ന് പറഞ്ഞ ആൾ
ഞാൻ ഒരിക്കൽ ഇതിനു ബിസ്ക്കറ്റ് ഇട്ടുകൊടുത്തതാണ്,ഇപ്പൊ ഇത് ഉറങ്ങിക്കഴിഞ്ഞും എണീക്കുന്നതിനു മുന്പുമേ വീട്ടീന്ന് വെളീൽ ഇറങ്ങാറുള്ളു. അല്ലെങ്കിൽ അപ്പൊ കാലിൽ ചാടിക്കേറി ഇരിക്കും
മഹാപാപീ,എന്നാൽ പിന്നെ ഈ കാര്യം വാ തുറന്നു പറഞ്ഞു കൂടായിരുന്നോ ?
ദൂരെ കാണുന്ന ഒരു വെളിച്ചം കട ആണെന്ന വിശ്വാസത്തിൽ ഞാനും കാലിൽ ഇരിക്കുന്ന പട്ടിയും മുന്നോട്ട് നടന്നു,ഇടക്കൊന്നു അറിയാതെ ഏങ്ങലടിച്ചപ്പോൾ അടുത്ത വീട്ടിനു മുന്നിലെ ഒരു അമ്മച്ചി ചോദിച്ചു,
എന്താ ഇത് ? രണ്ടു പേരും കൂടി എങ്ങോട്ടു പോണു
ഞങ്ങൾ ഷോപ്പിംഗിനു പോകുവാ അമ്മച്ചീ...ടീ വിയും ഫ്രിഡ്‌ജുമൊക്കെ വാങ്ങാനുണ്ട്
അതിനു കരയുന്നതെന്തിനാ ?
പെട്ടെന്ന് കരച്ചിൽ നിറുത്തി സുരേഷ് ഗോപിയുടെ ശബ്ദത്തിലും ഭാവത്തിലും ഞാൻ അവരോടു പറഞ്ഞു
ഇത് കരച്ചിലല്ല,
പിന്നെയോ ?
ഇത് ഒരു മൃഗസ്നേഹിയുടെ രോദനം...... രോദനം..... രോദനം.....
അജോയ് കുമാർ