21/09/2020
മുയല്‍ വളര്‍ത്തല്‍ ഒരു ചെറു ലേഖനം
=============================
വീട്ടില്‍ തന്നെ വലിയ അധ്വാനമില്ലാതെ പണം സമ്പാദിക്കാനുള്ള മാര്‍ഗമാണ് മുയല്‍ വളര്‍ത്തല്‍. അടുക്കളത്തോട്ടത്തിലോ വീട്ടുമുറ്റത്തോ കൂടൊരുക്കി മുയലുകളെ വളര്‍ത്താം. മാനസിക സന്തോഷത്തിനൊപ്പം വരുമാനം കൂടി നല്‍കും മുയല്‍ വളര്‍ത്തല്‍.
ഇറച്ചിക്കും ചര്‍മത്തിനും വേണ്ടിയാണ് ഇവയെ വളര്‍ത്തുന്നത്. മറ്റു വളര്‍ത്തു മൃഗങ്ങളെ അപേക്ഷിച്ച് തീറ്റപരിവര്‍ത്തന ശേഷി ഇവയ്ക്ക് വളരെ കൂടുതലാണ്. കുറഞ്ഞ സമയം കൊണ്ട് പെറ്റുപെരുകാനുള്ള കഴിവ്, കൊഴുപ്പു കുറഞ്ഞ ഇറച്ചി എന്നിവയും മുയലുകളെ പ്രിയങ്കരമാക്കുന്നു. കുറഞ്ഞ സ്ഥല സൗകര്യവും മുതല്‍ മുടക്കും മുയല്‍ വളര്‍ത്തലിനെയിപ്പോള്‍ ജനപ്രിയമാക്കുന്നു. കുട്ടികള്‍ മുതല്‍ ഏതു പ്രായത്തിലുള്ളവര്‍ക്കും മുയലുകളെ പരിപാലിക്കാനും എളുപ്പമാണ്. മുയലിറച്ചിയിലുള്ള ഒമേഗ- ത്രീ ഫാറ്റി ആസിഡ് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും ഹൃദ്രോഗസാധ്യത ഒഴിവാക്കുകയും ചെയ്യുന്നു. മറ്റു മാംസാഹരങ്ങള്‍ കഴിക്കാന്‍ പറ്റാത്തവര്‍ക്കും മുയലിറച്ചി ഭയം കൂടാതെ ഉപയോഗിക്കാം. സോവിയറ്റ് ചിഞ്ചില , ഗ്രേ ജയന്റ്, ന്യൂസിലാന്റ് വൈറ്റ്, ഡച്ച് എന്നിവയാണ് ഇറച്ചിക്കായി വളര്‍ത്തുന്ന മുയല്‍ വര്‍ഗങ്ങള്‍.
കൂടു നിര്‍മാണം പ്രത്യേക ശ്രദ്ധയോടെ
മുയല്‍ വളര്‍ത്തലില്‍ കൂടു നിര്‍മാണം വളരെ പ്രധാന്യമര്‍ഹിക്കുന്നു.
നല്ല വായുസഞ്ചാമുള്ള കൂടുകള്‍ മരം, കമ്പിവല എന്നിവ കൊണ്ടു നിര്‍മിക്കാം. ഇഴജന്തുക്കള്‍ കടക്കാത്ത സ്ഥലത്തായിരിക്കണം കൂട് സ്ഥാപിക്കേണ്ടത്. എപ്പോഴും വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. കൂട്ടില്‍ വൃത്തിയില്ലെങ്കില്‍ പല തരത്തിലുമുള്ള രോഗങ്ങള്‍ പടര്‍ന്നു പിടിക്കും. പ്രജനനത്തിനുള്ള വലിയ മുയലുകള്‍ക്ക് ഒന്നിന് 90 സെ.മി നീളവും 70 സെ.മി വീതിയും 50 സെ.മി ഉയരവും ഉള്ള കൂടുകള്‍ ആവശ്യമാണ്. കൂടിന്റെ അടിഭാഗം തറനിരപ്പില്‍ നിന്ന് ഒരു മീറ്റര്‍ പൊക്കത്തിലായിരിക്കണം. വിസര്‍ജ്യവസ്തുക്കള്‍ എളുപ്പത്തില്‍ താഴേക്കു പോകുന്ന രീതിയിലാവണം കൂടു നിര്‍മാണം. ശുദ്ധജലം കൂടിനുള്ളില്‍ എപ്പോഴും ലഭ്യമാക്കണം. ഇതിനായി മണ്‍ചട്ടികളോ, ഒഴിഞ്ഞ ഗ്ലൂക്കോസ് കുപ്പികളില്‍ പ്ലാസ്റ്റിക് ട്യൂബ് ഘടിപ്പിച്ചതോ ഉപയോഗിക്കാം.
ആഹാരക്രമം
പച്ചപ്പുല്ല്, മുരിക്കില, കാരറ്റ്, കാബേജ്, പയറുകള്‍, പച്ചക്കറിയുടെ അവശിഷ്ടങ്ങള്‍ എന്നിവയോടൊപ്പം കറിക്കടല, കടലപ്പിണ്ണാക്ക്, എള്ളിന്‍ പിണ്ണാക്ക്, തവിട് അരിച്ചത്, ഗോതമ്പ്, ധാതുലവണ മിശ്രിതം എന്നിവ മുയലുകള്‍ക്ക് നല്‍കണം. യഥേഷ്ടം ശുദ്ധജലം കുടിക്കാന്‍ നല്‍കണം.
ഇണചേരലും പ്രസവവും
ആണ്‍ മുയലിനെയും പെണ്‍മുയലിനെയും പ്രത്യേകം കൂടുകളിലാണ് വളര്‍ത്തുന്നത്. അഞ്ച് പെണ്‍ മുയലുകള്‍ക്ക് ഒരു ആണ്‍ മുയല്‍ എന്ന അനുപാതത്തിലാണ് വളര്‍ത്തേണ്ടത്. എട്ടു -12 മാസം പ്രായം പൂര്‍ത്തിയായ ആണ്‍മുയലുകളെയും ആറ്-എട്ട് മാസമുള്ള പെണ്‍മുയലുകളെയും ഇണചേര്‍ക്കാം. തടിച്ചു ചുവന്ന ഈറ്റം, അസ്വസ്ഥത, മുഖം കൂടിന്റെ വശത്ത് ഉരയ്ക്കുക, പുറകുവശം പൊക്കിക്കിടക്കുക, വാല്‍ ഉയര്‍ത്തിപ്പിടിക്കുക എന്നിവയാണ് മദിയുടെ ലക്ഷണങ്ങള്‍. ഈ സമയത്ത് പെണ്‍ മുയലിനെ ആണ്‍ മുയലിന്റെ കൂട്ടിലേക്ക് വിടണം. വിജയകരമായി ഇണ ചേര്‍ന്നാല്‍ ആണ്‍ മുയല്‍ പുറകിലേക്കോ വശത്തേക്കോ മറിഞ്ഞു വീഴും. 28-34 ദിവസം വരെയാണ് ഗര്‍ഭകാലം. ഗര്‍ഭകാലത്തിന്റെ അവസാന ആഴ്ചയില്‍ തടികൊണ്ടോ വീഞ്ഞപ്പെട്ടികൊണ്ടോ ഒരു പ്രത്യേക കൂട് കൂട്ടിനുള്ളില്‍ വെയ്ക്കണം. ഇതിന് 50ഃ30ഃ15 സെ.മി വലിപ്പമുണ്ടാകണം.
ഒറ്റ പ്രസവത്തില്‍ ആറു മുതല്‍ എട്ട് വരെ കുട്ടികള്‍ ഉണ്ടായിരിക്കും. ജനിച്ച ഉടനെ കുഞ്ഞുങ്ങളെ തിന്നുന്ന പ്രവണത തള്ളമുയലുകള്‍ കാണിക്കാറുണ്ട്. ഗര്‍ഭകാലത്തെ ശരിയായ തീറ്റക്രമം കൊണ്ടിത് ഒഴിവാക്കാം. നാലു മുതല്‍ ആറ് ആഴ്ച വരെ പ്രായമാകുമ്പോള്‍ കുഞ്ഞുങ്ങളെ തള്ളയില്‍ നിന്നും മാറ്റണം.
ഗര്‍ഭപരിശോധന
പെണ്‍ മുയലിന്റെ ചെവിക്ക് പിന്നിലും കഴുത്തിന് മുകളിലുമായി വലതു കൈകൊണ്ട് പിടിക്കുക. ഇടതുകൈ മുയലിന്റെ ശരീരത്തിന്റെ അടിയിലൂടെ ഇടുപ്പിന്റെ മുന്നില്‍ (ഗര്‍ഭാശയം സ്ഥിതി ചെയ്യുന്ന ഭാഗത്തിന് പുറത്ത്) ഏകദേശം ഗര്‍ഭാശയ കോര്‍ണുവയുടെ മുന്നിലായി മലര്‍ത്തിവെയ്ക്കുക. ഇടതുകൈയുടെ തള്ള വിരല്‍ ഗര്‍ഭാശയത്തിന്റെ വലത് വശത്ത് തൊടുക. തള്ളവിരലും മറ്റുവിരലുകളും വലത്തേക്ക് ചലിപ്പിക്കുമ്പോള്‍ ചെറിയ ഗോപി പോലുള്ള ഭ്രൂണം പുറകിലേക്ക് പോകുതായി അനുഭവപ്പെട്ടാല്‍ ഗര്‍ഭിണിയാണെന്ന് അനുമാനിക്കാം. പരിചയസമ്പനായ ഒരാള്‍ക്ക് എട്ട് മുതല്‍ 12 വരെ ദിവസത്തിനുള്ളില്‍ ഇപ്രകാരം ഗര്‍ഭപരിശോധന നടത്താന്‍ കഴിയും.
എടുക്കുന്ന രീതി
തിളങ്ങുന്ന നനുത്ത രോമക്കുപ്പായമുള്ള മുയലുകളെ എടുത്ത് ഓമനിക്കാന്‍ കൊതിക്കാത്തവര്‍ ആരുണ്ട്. മുയലുകളെ എടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. ചെവിയിലും കാലിലും തൂക്കിപ്പിടിച്ച് എടുക്കരുത്. വലിയ മുയലുകളെ കഴുത്തിന് പുറകിലുള്ള അയഞ്ഞ തൊലിയില്‍ വലതുകൈകൊണ്ട് പിടിക്കുതിനോടൊപ്പം ഇടതുകൈകൊണ്ട് പിന്‍ഭാഗം താങ്ങി എടുക്കണം. വളരെ ചെറിയ മുയലുകളെ കൈകളിലായി പിടിക്കാം.